പ്രണയത്തിന്‍റെ സത്യസന്ധമായ എന്നാല്‍ നമ്മുടെ സിനിമ നമുക്ക് കാണിച്ചുതരുന്ന പരിചിതമല്ലാത്ത മുഖമാണ് ബ്ലെസിയുടെ ‘പ്രണയം’ സമ്മാനിക്കുന്നത്. രണ്ടോ മൂന്നോ കഥാപാത്രങ്ങളില്‍ നിന്നുകൊണ്ട് സഞ്ചരിക്കുന്ന സിനിമകള്‍ അത്ര ഇഷ്ടപ്പെടുന്ന കാഴ്ച്ച അല്ല മലയാളി പ്രേക്ഷകന്. അടുത്തിടെയായി അത് മള്‍ട്ടി-സ്റ്റാര്‍ എന്നും മറ്റുമുള്ള വിളിപ്പെരുകളായി സ്ക്രീന്‍ നിറച്ചുള്ള ആഘോഷം ആയി മാറുകയും ചെയ്തു. എന്തായാലും കാഴ്ചവട്ടങ്ങള്‍ മാറ്റിമറിക്കുന്ന ചില സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങുകയും, അതിനെയൊക്കെ നമ്മള്‍ ഏറ്റെടുക്കയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ചേര്‍ത്തുവയ്കേണ്ട പേരാണ് പ്രണയം. സംവിധായകന്‍റെ സിനിമ എന്നൊരു സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട് സിനിമ കാണാന്‍ പോകുന്ന ഒരു രീതി വീണ്ടും മലയാളികള്‍ക്ക് ശീലിപ്പിച്ചത് ബ്ലെസ്സിയാണ്. ‘കാഴ്ച’ എന്നാ ഒറ്റ സിനിമ അത്തരമൊരു വഴി കൂടിയാണ് ചെയ്തത്.
പ്രണയത്തിന്‍റെ ത്രികോണവഴിയുലൂടെയുള്ള ഒരു സഞ്ചാരത്തിലെക്ക് ആണ് സിനിമ കൊണ്ടുപോകുക. പരിപക്വമായ മൂന്ന് മാനുഷികാവസ്ഥയിലെക്ക് കൂടിയാണ് അതെത്തിക്കുക. അനുപം ഖേര്‍, ജയപ്രദ, മോഹന്‍ലാല്‍. ഇവര്‍ക്കെല്ലാം അഭിമാനിക്കവുന്നൊരു വേഷം കൂടി കരിയറില്‍ എഴുതിച്ചെര്‍ക്കാനായി. കടലിന്‍റെ അന്തരീക്ഷവും, പശ്ചാത്തല സംഗീതത്തിന്‍റെ സാധ്യതയുമെല്ലാം എടുത്തു പറയാവുന്ന മറ്റു കാര്യങ്ങളാണ്. ഇതിനൊക്കെ അപ്പുറത്തെ സന്തോഷം മോഹന്‍ലാലിന്‍റെ പ്രകടനമാണ്. എന്തൊരു നടന്‍ ! എന്ന് പറയാന്‍ തോന്നി. ഇരുന്നു മാത്രം അഭിനയിക്കേണ്ടി വരുന്നൊരു കഥാപാത്രം, ഒരുപാട് സംഭാഷനത്തിനോന്നും സാധ്യത ഇല്ലാതെ, ചെറു പറച്ചില്‍, നോട്ടം, ഭാവങ്ങള്‍- ഇതുകൊണ്ടൊക്കെത്തന്നെ വിസ്മയിപ്പിക്കുന്ന അഭിനയം കാഴ്ചവെയ്ക്കാനായി അദേഹത്തിന്.
മോഹന്‍ലാലില്‍ നിന്നും ഇത്തരം വേഷങ്ങള്‍ ഇടയ്ക്കെങ്കിലും കാണാന്‍ സാധിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. സവിശേഷമായ അഭിനയസിദ്ധി കൊണ്ട് അനുഗ്രഹീതനായ ഈ നടന്‍ ഒന്നും ചെയ്യനില്ലാത്തതും, ചെയ്തത് തന്നെ വീണ്ടും ചെയ്ത് നമ്മളെ തുടര്‍ച്ചയായി മടുപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു ‘മാത്യൂസും’ അതുപോലുള്ള ചിലതും ആവശ്യമേന്നു തോന്നിപ്പോകും.