ഹൃദയത്തിലേക്കുള്ള പാട്ടുവഴി

 മുരളീകൃഷ്ണന്‍

 

ജോണ്‍സന്‍ മാഷിന്‍റെ പാട്ടുകള്‍ ഹൃദയത്തോടാണ് സംസാരിച്ചത്, നേര്‍ത്തൊരു മറവു പോലുമില്ലാതെ…കേട്ടു കണ്ണ് നിറയ്കുന്ന ഒരു ഭാവമാണ് അതെന്നും സമ്മാനിച്ചത്. ഒരു സാധാരണ കേള്‍വിക്കാരന്റെ അശാന്തമാകുന്ന അവസ്ഥകളില്‍ ഒക്കെ കൂട്ട് വന്നിട്ടുള്ള പാട്ടുകളുടെ ഒരു ശേഖരം എടുത്താല്‍ മാഷിന് സാധ്യത ഏറെയാണ്‌.

മൂവന്തിയായപ്പോള്‍ പകലില്‍ രാവിന്‍റെ നിഴല്‍ സ്പര്‍ശം ഏറ്റത് അറിഞ്ഞും, തൂ മഞ്ഞിന്‍റെ നെജ്ഞില്‍ ഒതുങ്ങിയതും, അറിയാതെ അറിയാതെ നമ്മില്‍ കവിതയായ് വന്നു നിറഞ്ഞതും, ഒടുവില്‍, ദൂരെ ദൂരെ സാഗരം തേടിപ്പോയപ്പോഴും നമ്മള്‍ കൂട്ടുചേര്‍ന്നു.

വഴിവാതിലുകള്‍ അടയുമ്പോള്‍ അതിനെ മറികടക്കാന്‍ നമ്മള്‍ എന്തെങ്കിലും ഉപാധികള്‍ കണ്ടെത്തും. യാത്ര, സിനിമ, പുസ്തകം, പ്രിയപ്പെട്ടവര്‍…കൂട്ടത്തില്‍ ചേര്‍ത്തു വയ്കാവുന്ന ഒന്നായി പാട്ടിനെ എടുക്കുമ്പോള്‍, അത് സഞ്ചരിക്കുന്ന വഴി ഹൃദയത്തിന്റെത് ആകുമ്പോള്‍, ഇനിയും അതൊരു മലയാളിയാകുമ്പോള്‍ പാട്ടുകളില്‍ എങ്ങനെ നമ്മള്‍ ജോണ്‍സന്‍ മാഷെ ചേര്‍ക്കാതെ കടന്നു പോകും! മധുരം ജീവാമൃത ബിന്ദു, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ, മോഹം കൊണ്ട് ഞാന്‍, ഊഞ്ഞാലുറങ്ങി, മന്ദാരചെപ്പുണ്ടോ, പവിഴം പോല്‍ പവിഴാധാരം പോല്‍, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, അനുരാഗിണി ഇതായെന്‍, ഏതോ ജന്മകല്പനയില്‍, സൂര്യംശുവേതോ വയല്‍പൂവിലും, മായാമയൂരം പീലി നീര്‍തിയോ – അങ്ങനെ കൂട്ടുവന്ന് അടുത്തിരുന്ന് തലോടി തണുപ്പിച്ച അവസരങ്ങളെത്രയോ…

ഹൃദയവഴിയും കടന്നു ചെല്ലുമ്പോള്‍ നിറയെ കേരളീയതയും മനസ്സ് നിറയ്ക്കുന്ന സന്തോഷത്തിന്‍റെ പ്രതീകങ്ങളെയും കാണാം. അപ്പോഴാണ്‌ നമ്മള്‍ മൈനാകപ്പോന്മുടിയില്‍ പൊന്നുരുകി തൂവിപ്പോകുന്നതും, കുന്നിമണിച്ചെപ്പു തുറന്ന് നോക്കുന്നതും കാണുന്നത്, പൂവും പൂപ്പടയും പൂവിളിയും കേള്‍ക്കുന്നത്.

അപൂര്‍വ്വം ചിലപ്പോഴൊക്കെ പാട്ടിന്‍റെ സെമി-ക്ലാസ്സിക്‌ എന്ന് പറയുന്ന വഴിയിലേക്ക് നടന്നിട്ടുണ്ട് മാഷ്. അപ്പോഴൊക്കെ നമുക്കാ സ്ഥായിയായ മേലോടീസ് വേ അരികുചെരുന്നത് കാണാം. അതങ്ങനെയാണ്, തനിമയും ഹൃദയവും ഒന്ന് ചേര്‍ന്നൊരു പരിണിതിയായി നിലനില്‍ക്കാനാണ് എന്നും ഇഷ്ടപ്പെട്ടത്.

ഇടയ്ക്കൊരു വേള പിന്നെയൊരു തിരിച്ചുവരവ്, കണ്ണന്‍റെ കറുപ്പ് നിറമായി നമ്മളെയൊക്കെ പ്രണയത്തിലാക്കിക്കൊണ്ട്. അനുഭവിച്ച പ്രണയാവസ്ഥകളില്‍ ഏറ്റവും പ്രിയമാര്‍ന്ന കറുത്ത പെണ്‍കുട്ടി പാടിത്തന്നിരുന്ന എന്തെ കണ്ണന് കറുപ്പ് നിറം പ്രണയത്തിന്‍റെ പച്ചപ്പാര്‍ന്ന ഒരു ഋതു തന്നെയായിരുന്നു ഒരുക്കിവേച്ചത്.

നമ്മളിനിയും അശാന്തരാകും…
ഒറ്റയ്ക്കിരിക്കും…
ഒറ്റയ്ക്കാകും…

അപ്പോഴൊക്കെയും ആ ഈണങ്ങള്‍ കണ്ണും കാതും നിറച്ച് ഹൃദയവഴിയെ സഞ്ചരിക്കും. എന്നിട്ടവിടെ മരിക്കാത്തവയായി പാടിക്കൊണ്ടേയിരിക്കും…

Author: Cine Cook

Leave a Reply

Your email address will not be published.