ഈ വര്‍ഷം പുറത്തിറങ്ങിയ ചില നല്ല സിനിമകളുടെ- ഒരു തരത്തില്‍ അവ മലയാളത്തിലെ പുതു പരീക്ഷണങ്ങള്‍ ആണെന്നു പറയാം- തുടര്‍ച്ചയെന്നോണം അത്ര പരീക്ഷണം അല്ലാത്ത ഒരു നല്ല സിനിമയാണ് ഡോക്ടര്‍ ലവ്. വലിയ പഠനങ്ങള്‍കോ പുതുമകല്‍ക്കോ സാധ്യത ഇല്ലാതെ മടുപ്പിക്കാതെ, അതിലപ്പുറം രസിച്ചു കാണാവുന്നതാണീ ചിത്രം. ഒരു പുതിയ സംവിധായകന്‍ (കെ. ബിജു ), അദ്ദേഹം തന്നെ തിരക്കഥയും കൈകാര്യം ചെയുന്നു. കൈവിട്ടു പോകാവുന്ന രസച്ചരടിനെ ബുദ്ധിപൂര്‍വ്വം ഒതുക്കുകയും പരിചിതരീതികളെ പെട്ടന്ന് മറികടക്കുകയും ചെയ്ത് കൈയ്യടക്കമെന്ന വലിയ ഗുണം എത്രമാത്രം വലിയതാണെന്ന് കാണിച്ചു തരുന്നു ഈ സിനിമയില്‍.
ക്യാമ്പസ് സിനിമകള്‍ എന്നും പ്രത്യേക താല്പര്യത്തോടെ കാണാനിഷ്ടമാണ് വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്കും; ഒരിക്കല്‍ എല്ലാവരും വിദ്യാര്‍ഥികള്‍ ആയിരുന്നതുകൊണ്ടുമാകും. പ്രണയം ഒരു മധ്യവര്‍ത്തിയുടെയും ഇടപെടലില്ലാതെ തോന്നെണ്ടതും പറയേണ്ടതുമായ ഒരു വികാരമാണ് എന്നതില്‍ സംശയമില്ല. അങ്ങനെയെങ്കില്‍, ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യപ്പെടും. പക്ഷെ ഇത് സിനിമയാണ്, കൂട്ടിച്ചേര്‍ക്കട്ടെ, ഒട്ടൊക്കെ സത്യസന്ധതയുണ്ടുതാനും.
തിരിച്ചുവരവുകളില്‍ ചെയ്ത എല്ലാ സിനിമകളിലും ഓര്‍ക്കുന്നത് ചിലത് സമ്മാനിക്കാന്‍ കുഞ്ചാക്കോ ബോബന് കഴിയുന്നു, തീര്‍ച്ചയായും ഡോക്ടര്‍ ലവ്വിലും പുതിയ സംവിധായകന്‍റെ വലിയ ധൈര്യം പുതിയ ഒരുപാട് പേര്‍ക്ക് അവസരം നല്‍കി. അഭിനയിച്ചവര്‍ എല്ലാം “ഞാന്‍ പുതുമുഖം ആണേ ” എന്നൊന്നും വിളിച്ചു പറയാത്ത രീതിയില്‍ നന്നായി ചെയ്യുകയുമുണ്ടായി. ആദ്യപകുതിക്ക് ശേഷം കാത്തിരിക്കാന്‍ ചിലത് സമ്മനിച്ചുപോകുന്നത്, കൊള്ളാവുന്ന പാട്ടുകള്‍, എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കഥാപാത്രങ്ങള്‍, ഒഴുക്കും തുടര്‍ച്ചയും, അങ്ങനെ നല്ല കാര്യങ്ങള്‍ കുറേയുണ്ട് ഈ സിനിമയില്‍.
നല്ല സിനിമകളെ തകര്‍കുവാനുള്ള ചില പറച്ചിലുകളോ ശ്രമങ്ങളോ ബോധപൂര്‍വം സംഭാവിക്കുന്നതാണെന്നു തോന്നും ചിലത് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍. അത്തരത്തില്‍ ഒന്ന് രാഷ്ട്രദീപിക ‘സിനിമ’ ( സെപ്റ്റംബര്‍ 24 ) ഡോക്ടര്‍ ലവ്വിനെപ്പറ്റി പറഞ്ഞ നീതീകരിക്കാനാകാത്ത കാര്യങ്ങളാണ്. മഹത്തായ ഒരു സിനിമയൊന്നും അല്ല ഇതെന്ന് എനിക്കും നിങ്ങള്‍ക്കും ഒക്കെ അറിയാം, തരക്കേടില്ലാത്ത ഒരു എന്റര്‍റ്റെനര്‍ എന്ന് ആരുടേയും പിന്തുണ ഇല്ലാതെ തന്നെ പറയാവുന്ന ഒന്ന്. പക്ഷെ ആ പ്രസിദ്ധീകരണം ഇങ്ങനെയൊരു സിനിമയുടെ ആവശ്യം തന്നെ ഇല്ലായിരുന്നെന്നൊക്കെ പറഞ്ഞാല്‍ ഈ ദൃശ്യരൂപത്തെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കൊക്കെ ദേഷ്യം തോന്നില്ലങ്കിലും അല്പം അരസികത്തം തോന്നാതെങ്ങനെ! കാരണം ഇവിടെ ഇറങ്ങുന്ന ക്രിസ്ത്യന്‍ ബ്രദേര്‍സ്നെയും, ചൈനടൌണ്‍’നെയും ഒക്കെ നമ്മുടെ മഹാനടന്മാരുടെ പേരിലും അല്ലാതെയുമുള്ള മാസികകള്‍ വഴി മഹത്വവല്‍കരിക്കുകയും ഈ മഹാ സംവിധായകരും നടന്‍മാരും കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷമായി ഒന്നും ചെയ്യാതെ ആവര്‍ത്തിച്ചു, വെറുപ്പിച്ചു, മടുപ്പിച്ച്ചുകൊണ്ടിരിക്കുന്നതോന്നും നിങ്ങള്‍ കാണുന്നില്ലേ ലേഖകാ? (ഞങ്ങള്‍ക്ക് ആരെ സംരക്ഷിക്കന്‍! മേല്‍പ്പറഞ്ഞ മഹാനടന്മാര്‍ രണ്ടും കരിയറിലെ ആദ്യ പതിനഞ്ചു വര്‍ഷങ്ങളില്‍ ചെയ്തു തീര്‍ത്ത ചില നല്ല വേഷങ്ങളുടെ പേരിലാണ് ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്. എതിര്‍വാദമായി സംഭവിക്കുന്ന പ്രാഞ്ചിയെട്ടനെയും, മാത്യൂസ്’നെയും ഒക്കെ ഞങ്ങളും കാണുന്നുണ്ടെ!).
കേവലം ഒരു ഡോക്ടര്‍ ലവ്വിനെ മാത്രം പരാമര്‍ശിച്ചിട്ടല്ല ഇത്രയും പറഞ്ഞത്. അപൂര്‍വരാഗം, ബെസ്റ്റ് ആക്ടര്‍, പ്രഞ്ചിയെട്ടന്‍ ആന്‍ഡ് ദി സെയിന്‍റ്, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപാ കുരിശ് തുടങ്ങി ഇവിടെ പുതുമയും പരീക്ഷണവുമായി ചിലതൊക്കെ സംഭവിക്കുന്നുണ്ട്. അതൊന്നും താരകേന്ദ്രീകൃതം ആണോ അല്ലയോ എന്നുനോക്കാതെ നല്ല സിനിമയെന്നു തിരിച്ചറിയുന്ന ഒരുപാടാളുകള്‍ ഇവിടെയുണ്ടെന്നു ഒര്‍മപ്പെടുത്തുന്നെന്നു മാത്രം.
മുരളീകൃഷ്ണന്‍